മുംബൈ: എൻജിൻ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസിന്റെ രണ്ട് വിമാനങ്ങൾ തിരിച്ചിറക്കി. മുംബൈ- ലേ, ശ്രീനഗർ – ന്യൂഡൽഹി റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളാണ് താഴെയിറക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എൻജിനിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് മുംബൈ- ലേ വിമാനം ഡൽഹിയിൽ ഇറക്കുകയായിരുന്നു. പറന്നുയർന്ന ശേഷം തകരാറ് കണ്ടെത്തിയതിനെ തുടർന്ന് ശ്രീനഗർ- ന്യൂഡൽഹി വിമാനം ശ്രീനഗറിൽ തന്നെ തിരിച്ചിറക്കി.
മുംബൈ-ലേയിൽ നിന്ന് പറക്കേണ്ടിയിരുന്ന ഗോ ഫസ്റ്റ് എയർക്രാഫ്റ്റ് വിടി-ഡബ്ല്യുജിഎ ഫ്ലൈറ്റ് ജി8-386 എഞ്ചിൻ നമ്പർ രണ്ടിലെ ഇഐയു (എൻജിൻ ഇന്റർഫേസ് യൂണിറ്റ്) തകരാർ കാരണമാണ് ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
വിമാനക്കമ്പനികൾ ഒന്നിലധികം സാങ്കേതിക തകരാർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, തങ്ങൾ സ്‌പോട്ട് ചെക്ക് നടത്തിയെന്നും പുറപ്പെടുന്നതിന് മുമ്പ് വിവിധ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് മതിയായ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നില്ലെന്ന് കണ്ടെത്തിയതായി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ പറഞ്ഞു. ഓരോ യാത്രയ്ക്കും മുമ്പ്, ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ (AME) ഒരു വിമാനം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എഎംഇ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികൾക്കുള്ള മാർഗനിർദേശങ്ങൾ ഡിജിസിഎ ഇപ്പോൾ പുറപ്പെടുവിക്കുകയും ജൂലൈ 28-നകം അത് പാലിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
എയർലൈനുകളുടെ എഎംഇ ടീമുകൾ “റിപ്പോർട്ടുചെയ്‌ത തകരാറിന്റെ കാരണം” തെറ്റായി തിരിച്ചറിയുന്നതായും സ്‌പോട്ട് ചെക്കുകളിൽ കണ്ടെത്തിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവിൽ പറയുന്നു. “MEL റിലീസുകൾ” എന്നതിനർത്ഥം, അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഒരു നിശ്ചിത സമയത്തേക്ക് പ്രവർത്തനരഹിതമായ ചില ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വിമാനത്തിന് നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത ട്രാൻസിറ്റ് സ്റ്റേഷനുകളിൽ പറക്കാൻ അനുവാദമുണ്ട്” ഡിജിസിഎ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ ഒന്നിലധികം സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനം എഞ്ചിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതോടെ മുൻകരുതൽ നടപടിയായി കറാച്ചിയിലേക്ക് തിരിച്ചുവിട്ടു.
ശനിയാഴ്ച രാത്രി, എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം, കാബിൻ നടുവിൽ കത്തുന്ന ദുർഗന്ധം കണ്ടതിനെ തുടർന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ഒരു ദിവസം മുമ്പ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈൻ-കൊച്ചി വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനുള്ള പക്ഷിയെ കണ്ടെത്തി.
സ്പൈസ് ജെറ്റ് ഇപ്പോൾ ഡിജിസിഎയുടെ കർശന നിരീക്ഷണത്തിലാണ്. ജൂൺ 19 മുതൽ സ്‌പൈസ് ജെറ്റിന്റെ വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ച എട്ട് സംഭവങ്ങളെങ്കിലും ഉണ്ടായതിനെ തുടർന്ന് ജൂലൈ 6 ന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ സംഭവങ്ങളെല്ലാം ഡിജിസിഎ ഇപ്പോൾ അന്വേഷിക്കുകയാണ്.




