ന്യൂഡൽഹി: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നടപടികൾ നീട്ടിവയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് കമ്മിഷൻ നടപടി.
12 സംസ്ഥാനങ്ങളിലും ഇന്നു മുതൽ നടപടികൾ ആരംഭിക്കും. കേരളത്തിൽ അടക്കം എസ്.ഐ.ആർ നടപ്പാക്കുന്ന ഇടങ്ങളിലെ വോട്ടർപട്ടിക മരവിപ്പിച്ചു. കേരളത്തെ കൂടാതെ തമിഴ്നാട്, ഗോവ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാംഘട്ടം എസ്.ഐ.ആർ നടപ്പാക്കുക.
21 വർഷത്തിനുശേഷമാണ് രാജ്യത്ത് എസ്.ഐ.ആർ നടപ്പാക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഒമ്പതാമത്തെ എസ്.ഐ.ആർ ആയിരിക്കും ഇത്.
എസ്.ഐ.ആർ ആദ്യഘട്ടം ബിഹാറിൽ വിജയകരമായി നടപ്പാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അവകാശപ്പെട്ടു. 1951 മുതൽ 2004 വരെ എട്ടു തവണയാണ് രാജ്യത്ത് വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം നടന്നത്. 2002-04 ൽ ആയിരുന്നു അവസാനത്തെ എസ്.ഐ.ആർ. 36 സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എസ്.ഐ.ആറിനെ കുറിച്ച് വിശദമായി ചർച്ചചെയ്തു. ആദ്യഘട്ട എസ്.ഐ.ആർ വിജയകരമായി പൂർത്തിയാക്കിയ ബിഹാറിൽ ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്നും കമ്മിഷണർ അവകാശപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുൾപ്പെടെയുള്ളവരുടെ ആവശ്യം തള്ളിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയുടെ സമാന ആവശ്യം കമ്മിഷൻ അംഗീകരിച്ചു. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയെ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അസം പട്ടികയിലില്ല. ഈ പൊരുത്തക്കേടിനെക്കുറിച്ചുള്ള ചോദ്യത്തിന്, അസമിലെ പൗരത്വ നിയമം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി.
അസമിനായി പ്രത്യേക പരിഷ്‌കരണ ഉത്തരവുകളും പ്രത്യേക എസ്.ഐ.ആർ തീയതിയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ജൂൺ-ജൂലൈ മാസങ്ങളിലാണ് എസ്.ഐ.ആർ നടത്തിയത്.
OCTOBER. 28- NOVEMBER 3: പ്രാഥമിക നടപടിക്രമങ്ങൾ
NOVEMBER 4- DECEMBER 12: വീട് കയറി വിവരശേഖരണം
DECEMBER 9: കരട് വോട്ടർപട്ടിക
TILL JANUARY 8: പരാതി സമർപ്പണം
FEBRUARY 7: അന്തിമ വോട്ടർപട്ടിക





