ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ മന്ത്രി ഫഹദ് അൽ ജലാജിൽ സന്ദർശിച്ചു

മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ
നടക്കുന്ന സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ സന്ദർശിച്ചു.

മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ഉപദേശക സമിതി ചെയർമാൻ ഡോ. അദ്‌നാൻ അൽ മസ്‌റൂവ, അണ്ടർ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാർ, മക്ക ഹെൽത്ത് ക്ലസ്റ്ററിന്റെ ആക്ടിങ് സിഇഒ ഡോ. ഹതേം അൽ ഒമാരി, മക്കയിലെ ഹെൽത്ത് അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. വേൽ മുതൈർ എന്നിവരും അൽ ജലാജിലിനെ അനുഗമിച്ചു.

ഈസ്റ്റ് അറഫാത്ത് ആശുപത്രി , അറഫാത്ത് ജനറൽ ആശുപത്രി, ജബൽ അൽ റഹ്മ ആശുപത്രി, നമിറ ജനറൽ ആശുപത്രി, അറഫാത്ത് ഹെൽത്ത് സെന്റർ എന്നിവയെ പ്രതിനിധീകരിക്കുന്ന അറഫാത്ത് ഏരിയയിലെ ആരോഗ്യ മേഖലകളിൽ പര്യടനം നടത്തി.

കൂടാതെ മിനയിൽ എത്തിയ മന്ത്രി മിന അൽ വാദി ആശുപത്രി, മിന ന്യൂ സ്ട്രീറ്റ് ആശുപത്രി, മിന എമർജൻസി ആശുപത്രി , മിന അൽ ജാസർ ആശുപത്രി, മിന ഹെൽത്ത് സെന്ററുകൾ 2, 17 എന്നിവിടങ്ങളിൽ പരിശോധന നടത്തി.

മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി (കെഎംഎസി) സന്ദർശിച്ച് അൽ ജലാജിൽ തന്റെ പരിശോധനാ പര്യടനം അവസാനിപ്പിച്ചു. ഈ സമയത്ത് അദ്ദേഹം വിവിധ ഡിപ്പാർട്ട്‌മെന്റുകൾ പ്രത്യേകിച്ച് എമർജൻസി, കാർഡിയോളജി, ഓങ്കോളജി, ഇൻപേഷ്യന്റ് വിഭാഗങ്ങൾ സന്ദർശിക്കുകയും പ്രത്യേക സേവനങ്ങളുടെ വശങ്ങളെക്കുറിച്ച് വിശദമായ കേൾക്കുകയും ചെയ്തു. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ഹെൽത്ത് ക്ലസ്റ്ററിന്റെ ഡയറക്ടർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ജോലി മെക്കാനിസങ്ങൾ, നിലവിലെ ജോലികൾ, മെഡിക്കൽ സ്റ്റാഫ് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.

ആശുപത്രികൾക്കുള്ളിൽ ശേഷി വർധിപ്പിക്കാൻ അൽ ജലാജിൽ ജീവനക്കാരോട് അഭ്യർത്ഥിക്കുകയും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാൻഡ് മസ്ജിദിലെ രോഗികളെയും ഗുണഭോക്താക്കളെയും സന്ദർശകരെയും സേവിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.