കോഴിക്കോട് വിമാനത്താവളം അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും: എ പി അബ്ദുള്ള കുട്ടി

ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനം മെയ് 31ന് ഇന്ത്യയില്‍ നിന്നും മദീനയിലേക്ക്

0
1776

ജിദ്ദ: കോഴിക്കോട് വിമാനത്താവളം അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇന്ത്യൻ ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ള കുട്ടി ജിദ്ദയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനം മേയ് 31 ന് ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി എന്നിവടങ്ങളില്‍ നിന്നുള്ള കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഇത്തവണ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് യാത്ര ഉണ്ടാകുക.

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ത്ഥാടകര്‍ക്കും മദീനയില്‍ പ്രവാചക പള്ളിയുടെ സമീപത്ത് തന്നെ താമസ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
മക്കയില്‍ അസീസിയയിലാണ് താമസ സൗകര്യം ഒരുക്കുന്നതെന്നും ഇവിടെ നിന്ന് ഹാജിമാര്‍ക്ക് മസ്ജിദുല്‍ ഹറമിലേക്കുള്ള പോക്കു വരവിന് സൗകര്യം ഒരുക്കാന്‍ ബസ് കമ്പനികളുമായുള്ള കരാര്‍ പൂര്‍ത്തിയാക്കീട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ചിലവ് മൂന്നര ലക്ഷത്തിന്റെ താഴെ മാത്രമായിരിക്കുമെന്നും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ ഉണ്ടാകുക. ഇതില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ട് തിരിച്ച് എത്തുന്നത് കൊച്ചി വിമാനത്താവളത്തില്‍ നിന്നാകും.ഹജ് യാത്രക്കുള്ള വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള ടെണ്ടര്‍ ഇത്തവണ ലഭിച്ചത് സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ്, ഫ്ലൈ നാസ് എന്നീ വിമാന കമ്പനികള്‍ക്കാണ്. ഇതില്‍ എഴുപത് ശതമാനം ഹാജിമാരുടെ യാത്രയും സഊദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ആയിരിക്കും.

79,362 പേര്‍ക്കാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് ചെയ്യാന്‍ അവസരമുള്ളത്. ഇതില്‍ 56,601 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും ബാക്കി വരുന്ന ഏകദേശം 30 ശതമാനം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് പുണ്യ ഭൂമിയില്‍ എത്തുക. 50 ശതമാനം ഹാജിമാരും സ്ത്രീകളാണ്. ഇതില്‍ 1,850 പേര്‍ മഹറമില്ലാതെ യാത്ര ചെയ്യുന്നവരാണ്.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാല താമസമാണ്. ഇതിന് കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസമാണ് എന്നാണ് മനസ്സിലാക്കുന്നത്. ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടും. ഹജ്ജ് കഴിഞ്ഞാല്‍ ഉടനെ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അബ്ദുല്ലക്കുട്ടി അറിയിച്ചു.