ഗാന്ധിനഗർ: വിവാഹസമ്മാനമായി ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് നവ വരന് ഗുരുതര പരിക്ക്. കളിപ്പാട്ടം ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ അനന്തരവരനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദബാരിയിലാണ് സംഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് സംബന്ധിച്ച് വരന്‍റെ കുടുംബം പരാതി നൽകിയതായി വൻസ്‌ദ പൊലീസ് അറിയിച്ചു. വരനായ ലതേഷിനും അനന്തരവന്‍ ജിയാനും പരിക്കേറ്റത്.
നവസാരി ജില്ലയിലെ വൻസ്‌ദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായുള്ള വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. വിവാഹത്തിനായി ദമ്പതികൾക്ക് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച നിരവധി സമ്മാനങ്ങളിൽ പെട്ട ഒരു സമ്മാനമാണ് പൊട്ടിത്തെറിച്ചത്.
അപകടത്തിൽ വരനായ ലതേഷിന്റെ വലതു കൈത്തണ്ട കൈയിൽ നിന്ന് ഛേദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, തലയിലും കണ്ണുകളിലും സാരമായ പരിക്കുകളുമുണ്ട്. ജിയാന്റെ തലയിലും കണ്ണിലും പരിക്കുണ്ട്. ഇരുവരും നവസാരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കോയമ്പ സ്വദേശിയായ രാജു പട്ടേലാണ് കളിപ്പാട്ടം സമ്മാനമായി നൽകിയതെന്ന് ലതേഷിന്റെ കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വധുവിന്‍റെ സഹോദരിയുമായി ഇയാൾ നേരത്തെ പ്രണയത്തിലായിരുന്നെന്നും കുറച്ചുനാൾ മുമ്പ് ഇരുവരും ബന്ധം വേർപിരിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇയാളെ കണ്ടെത്തിയതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നും പൊലീസ് അറിയിച്ചു.




