റമസാനിലെ അവസാന വെള്ളി ഹറമുകളിൽ ചിലവഴിച്ചതിന്റെ ആത്മ സംതൃപ്തിയിൽ വിശ്വാസികൾ

0
1443

മക്ക: റമസാനിലെ അവസാന വെള്ളി ഹറമുകളിൽ ചിലവഴിച്ചതിന്റെ ആത്മ സംതൃപ്തിയിൽ വിശ്വാസികൾ.
മക്കയിലും മദീനയിലും ജുമാ നമസ്ക്കാരത്തിന് എത്തിയത് ലക്ഷങ്ങൾ.
ജുമുഅയുടെ ഏറെ നേരത്തെ തന്നെ ഹറമും പരിസരങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു.

തിരക്ക് മുന്‍കൂട്ടി കണ്ട് സുരക്ഷാ വകുപ്പുകളും ഹറംകാര്യ വകുപ്പും പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
പെരുന്നാള്‍ അവധി ആരംഭിച്ചത് കാരണം അവധി പ്രയോജനപ്പെടുത്തി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും വിശ്വാസികള്‍ ഹറമിലെക്ക്‌ ഒഴുകിയെത്തി.

ഉംറ തീര്‍ഥാടകരെ മതാഫിലേക്കും മറ്റുള്ളവരെ തിരക്കനുസരിച്ച് ഹറമിലെ വ്യത്യസ്ത നമസ്‌കാര സ്ഥലങ്ങളിലേക്കും അയക്കാനും ഹറമിലേക്കുള്ള പ്രവേശനവും ഹറമില്‍ നിന്നുള്ള പുറത്തിറങ്ങളും ക്രമീകരിക്കാനും മാത്രം ഹറംകാര്യ വകുപ്പ് 400 ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരുന്നു.

മതാഫിലേക്ക് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുന്നത്. റമസാനില്‍ സ്വദേശികളും രാജ്യത്ത് കഴിയുന്ന വിദേശികളും വിദേശങ്ങളില്‍ നിന്ന് എത്തിയവരും അടക്കം ഇതുവരെ 60 ലക്ഷത്തിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായാണ് കണക്ക്. ഉംറ പെര്‍മിറ്റിനുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിച്ചത് കണക്കിലെടുത്ത് റമസാനില്‍ ആദ്യത്തെ ഇരുപതു ദിവസത്തിനിടെ ഉംറ പെര്‍മിറ്റ് നേടിയിട്ടില്ലാത്തവര്‍ക്കാണ് അവസാന പത്തില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും ഒട്ടുമിക്ക നിയന്ത്രണങ്ങളും എടുത്തുകളയുകയും ചെയ്തതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പുണ്യനഗരങ്ങളിലേക്ക് സ്വദേശികളും വിദേശികളും അടക്കമുള്ള വിശ്വാസികളുടെയും തീര്‍ഥാടകരും ഒഴുക്കായിരുന്നു ഈ റമസാനിൽ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒറ്റക്കും സംഘങ്ങളായും പുണ്യഭൂമിയിലെത്തിയിരുന്നു.

മക്കയുടെ പ്രവേശന കവാടങ്ങളിലെ പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും നിരന്തരം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും ഹറമിലേക്കും തിരിച്ചും ബസ് സര്‍വീസുകളുണ്ട്. കടുത്ത തിരക്ക് കണക്കിലെടുത്ത് ഹറമിനടുത്ത പ്രദേശങ്ങളില്‍ ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് നിലവില്‍ പെര്‍മിറ്റ് ആവശ്യമുള്ളത്. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും മസ്ജിദുന്നബവിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും ഇപ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടതില്ല.