സ്വീഡനിലെ ഖുർആൻ നിന്ദയെ സഊദി അറേബ്യ അതിശക്തമായി അപലപിച്ചു

0
3218

റിയാദ്: സ്വീഡനിലെ ചില തീവ്രവാദികൾ വിശുദ്ധ ഖുർആൻ ബോധപൂർവം ദുരുപയോഗം ചെയ്യുന്നതിനും മുസ്‌ലിംകൾക്കെതിരെ നടത്തുന്ന പ്രകോപനങ്ങൾക്കും പ്രേരണകൾക്കും എതിരെ സഊദി അറേബ്യ അതിശക്തമായി അപലപിച്ചു. പകരം സംവാദത്തിന്‍റെ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള യോജിച്ച ശ്രമങ്ങളാണ് ഉണ്ടാവണ്ടേതെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സഹിഷ്ണുത, സഹവർത്തിത്വം, വിദ്വേഷം, തീവ്രവാദം, വൈരാഗ്യം എന്നിവ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മതങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകതയും സഊദി അറേബ്യ ഊന്നിപ്പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ ഖുർആന്‍റെ പകർപ്പുകൾ കത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡാനിഷ്-സ്വീഡിഷ് പൗരനായ റാസ്മസ് പലുഡന്‍റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനത്തിന്‍റെ റാലിക്കിടെ തെക്കൻ സ്വീഡൻ കടുത്ത അക്രമത്തിന് സാക്ഷ്യം വഹിച്ചുവെന്നത് ഗൗരവതരമാണെന്നും സഊദി അറേബ്യ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രബല സമൂഹമായ മുസ്‌ലിംകൾക്കെതിരെ വിദ്വേഷപ്രചാരണവുമായി റാസ്മസ് പലുഡ സ്വീഡനിൽ പര്യടനം നടത്തുകയാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട് ലിങ്കോപ് നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചുകാലമായി പലുഡ ഇതുപോലെ പലയിടത്തും പ്രകോപനം സൃഷ്ടിക്കുകയും പല അക്രമ സംഭവങ്ങൾക്കും കാരണക്കാരനായി മാറുകയും ചെയ്തിട്ടുണ്ട്.

2020 നവംബറിൽ അദ്ദേഹത്തെ ഫ്രാൻസിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബ്രസൽസിൽ ഖുർആൻ കത്തിച്ച് വിദ്വേഷം പരത്താൻ ശ്രമിച്ച അഞ്ച് പേരെ ബെൽജിയത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. വിവിധ അറബ് രാജ്യങ്ങളും അറബ്, മുസ്‌ലിം സഖ്യങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.