ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ക്വാട്ട സഊദി അറേബ്യ നിശ്ചയിച്ചു

0
3609

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ട നിശ്ചയിച്ചു. ഇന്ത്യയിൽ നിന്ന് 79,237 ഹാജിമാർക്കാണ് അവസരം നൽകുകയെന്നു സഊദി അധികൃതർ അറിയിച്ചതായി ജിദ്ദയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചതയാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഹജ്ജ് മിഷൻ ഔദ്യോഗിക റിപ്പോർട്ട് ഉടൻ പുറത്തിറക്കിയേക്കും.

ഇതോടെ ഈ വർഷത്തെ ഇന്ത്യൻ ഹാജിമാരുടെ വരവ് സംബന്ധിച്ച് ഉണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങി. പത്ത് ലക്ഷം ഹാജിമാർക്കാണ് ഈ വർഷം അനുമതി നൽകുകയെന്നും ഇതിൽ എട്ടര ലക്ഷം പേർ വിദേശ ഹാജിമാർ ആയിരുക്കുമെന്നും സഊദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നേരത്തെ 18 ലക്ഷമായിരുന്ന വിദേശ തീര്‍ത്ഥാകരുടെ എണ്ണം ഇത്തവണ എട്ടര ലക്ഷമായി കുറച്ചത്. ഇതോടെയാണ് രണ്ടുലക്ഷത്തോളമായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട എൺപതിനായിരത്തിനു താഴേക്ക് ആയത്.

ഈ വർഷം ആകെയുള്ള ഹാജിമാരിൽ പതിനഞ്ച് ശതമാനം സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകരും ആയിരിക്കും. കഴിഞ്ഞ രണ്ട് വർഷം വിദേശങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് അവസരം ഇല്ലാത്തതിനാൽ, ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്‌ലിംകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷത്തിന് ശേഷം ഹജ്ജ് തീർഥാടനത്തിൽ ആഭ്യന്തര ഹാജിമാരെ പരിമിതപ്പെടുത്തിയത്.

ഈ വർഷം 65 വയസിൽ താഴെയുള്ളവർക്കാണ് ഹജ്ജിന് അവസരം നൽകുകയെന്നും വിദേശങ്ങളിൽ നിന്ന് വരുന്നവർ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുകയും വേണമെന്നും നിബന്ധയുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് ഹജ്ജിന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗററ്റീവ് ഫലം കയ്യിൽ കരുതുകയും വേണം.