റിയാദ്: യെമനിലെ ഔദ്യോഗിക സഖ്യത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യം സൈനിക നടപടികൾ നിർത്തി വെക്കുന്നതായി പ്രഖ്യാപിച്ചു. ജിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചകളുടെ വിജയത്തിനും റമദാനിൽ സമാധാന ശ്രമങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി യെമനിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന ജിസിസി സെക്രട്ടറി ജനറൽ ഡോ. ഹജ്റഫിന്റെ ആവശ്യപ്രകാരമാണ് സൈനിക നടപടികൾ നിർത്തിവെക്കുന്നതെന്ന് അറബ് സഖ്യ സേന അറിയിച്ചു.
വിജയകരമായ സമാധാന ചർച്ചകൾക്ക് ആവശ്യമായ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് നീക്കം. സമാധാനം പുനഃസ്ഥാപിക്കാൻ സഖ്യത്തിന്റെ സംയുക്ത സേനാ കമാൻഡ് യെമനിലെ സൈനിക പ്രവർത്തനങ്ങൾ ബുധനാഴ്ച പുലർച്ചെ ആറു മണി മുതൽ അവസാനിപ്പിക്കുന്നതായി അറബ് സഖ്യ സേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
യെമൻ സംഘർഷത്തിന് സമഗ്രവും സുസ്ഥിരവുമായ ഒരു പരിഹാരത്തിലെത്താനും സഹോദര രാഷ്ട്രമായ യെമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും നടപടികളെയും പിന്തുണയ്ക്കുന്നതായി സഖ്യം പറഞ്ഞു. യെമൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ രാഷ്ട്രീയ പ്രമേയത്തിലെത്താൻ യെമനിനായുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്റെയും സഊദി, അന്താരാഷ്ട്ര ശ്രമങ്ങളുടെയും സംരംഭങ്ങളുടെയും പശ്ചാത്തലത്തിലാണ് നീക്കം.
യെമനിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ജിസിസി രാജ്യങ്ങളിലെ നേതാക്കളുടെയും ജനങ്ങളുടെയും വ്യഗ്രതയാണ് ഈ അഭ്യർത്ഥനയിൽ പ്രതിഫലിക്കുന്നത്. വിശുദ്ധ റമദാൻ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചൊവ്വാഴ്ച ആരംഭിച്ച ജിസിസിയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്.
യെമൻ ജനതയുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും യെമൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനും ഹൂതികൾ ഉൾപ്പെടെ എല്ലാ യെമൻ കക്ഷികളുമായും കൂടിയാലോചനകളിൽ പങ്കെടുക്കാനും അൽ ഹജ്‌റഫ് ക്ഷണം പുതുക്കി.




