കളിയാക്കിയതിന് അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ

News Desk
1 Min Read

കൊല്ലം: കളിയാക്കിയതിന് അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചടയമംഗലം കുരിയോട് സ്വദേശി സാബുവിനെ ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്.

2019 മാര്‍ച്ച് 17ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചത്.

പേടിച്ചോടുന്നതിനിടെ വീണ പരാതിക്കാരനെ പ്രതികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341-ാം വകുപ്പ് പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും 326-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും 307-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പിഴ ഈടാക്കുന്ന പക്ഷം പരിക്കേറ്റ പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!