റിയാദ്: ശനിയാഴ്ച പുലർച്ചെ സഊദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി കുടുംബങ്ങളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തും. അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ കോഴിക്കോട് കാരപ്പറമ്പ് ഇസ്മാഈലിെൻറ മകൾ ഷബ്ന ജാബിർ (36), മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ (12), സഹ ജാബിർ (6), ലൈബ മുഹമ്മദ് ജാബിർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുക.
പൊലീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഞായറാഴ്ച രാത്രിയോടെ അൽറൈനിൽനിന്ന് മൃതദേഹങ്ങൾ റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെ നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബേപ്പൂരിൽ എത്തിച്ച് ഖബറടക്കും. ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിയിൽ നടക്കുന്ന മയ്യത്ത് നിസ്കാരാനാന്തരം പള്ളി ഖബ്ർസ്ഥാനിൽ ഖബറടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെയാണ് അഞ്ചംഗ കുടുംബത്തെ മരണം മാടിവിളിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദാരുണ മരണം. ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. അപകടത്തിൽ ഇവരുടെ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ജുബൈലിൽ നിന്നും പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിന്റെ മുന്നോടിയായി ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. എന്നാൽ, വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്താതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തെത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു.
തുടർന്ന് കുടുംബത്തിന്റെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ വഴി അന്വേഷണം വ്യാപകമാക്കി. മലയാളി സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അന്വേഷണത്തിനൊടുവിലാണ് അപകട വിവരം പുറത്തറിഞ്ഞത്. റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായാണ് വിവരം ലഭ്യമായത്. കൂടുതൽ അന്വേഷണത്തിൽ അപകടത്തിൽ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു. സഊദിയിലെ മലയാളി സമൂഹത്തെ ഏറെ നടുക്കുന്ന അപകട വാർത്തയായിരുന്നു ഈ സംഭവം.
അഞ്ചംഗ മലയാളി കുടുംബം മരിച്ച കാറപകടം; മരണം കവർന്നത് പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെ, വാഹനം പൂർണ്ണമായും തകർന്നു




