അബുദാബി: യു എ ഇ യിൽ വിപ്ലവകരമായ തൊഴിൽ വാരാന്ത്യ അവധി. വാരാന്ത്യ അവധിയിലും ജോലി ദിവസങ്ങളിലും വൻ പരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രമീകരണ പ്രകാരം ആഴ്ചയിൽ ജോലി സമയം നാലര ദിവസം മാത്രമായിരിക്കും. ബാക്കി രണ്ടര ദിവസം അവധി ദിനങ്ങളായിരിക്കും.
ആഴ്ചയിൽ നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം. വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിക്കുന്ന വാരാന്ത്യ അവധി ശനി, ഞായർ ദിനങ്ങളും ഉൾപ്പെടെ രണ്ടര ദിവസങ്ങളിൽ ആയിരിക്കും. തിങ്കൾ മുതൽ വെള്ളി ഉച്ചവരെ ആയിരിക്കും തൊഴിൽ സമയം. എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകളും 2022 ജനുവരി 1 മുതൽ പുതിയ വാരാന്ത്യത്തിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചു.
ഈ നീക്കത്തോടെ, ദേശീയ പ്രവൃത്തി ദിനങ്ങൾ അഞ്ച് ദിവസത്തെ ആഴ്ചയേക്കാൾ കുറഞ്ഞ ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി യുഎഇ മാറിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു. പ്രവൃത്തിവാരം തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും. ഫെഡറൽ ജീവനക്കാരുടെ ജോലി സമയം രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പ്രതിദിനം 8.5 മണിക്കൂർ സമയമായിരിക്കും. വെള്ളിയാഴ്ച ജീവനക്കാർ 4.5 മണിക്കൂർ ജോലി ചെയ്യണം.
വെള്ളിയാഴ്ചകളിൽ ജുമുഅ നിസ്കാര സമയം 1.15 ന് ശേഷമായിരിക്കും നടക്കുക. മാത്രമല്ല, വെള്ളിയാഴ്ച ജീവനക്കാരെ ഫ്ലെക്സിബിൾ വർക്ക് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും അനുവദിക്കും. ദൈർഘ്യമേറിയ വാരാന്ത്യം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ-ജീവിത ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.





