റിയാദ്: സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയുമായി ബന്ധപ്പെടുന്നുണ്ടെന്നും ജില്ലാ കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബേപ്പൂരിലെ വീട്ടിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.
പുതിയ സ്ഥലത്തെ ജോലി ഏൽക്കാനുള്ള യാത്രക്കിടെയാണ് അഞ്ചംഗ കുടുംബത്തെ മരണം മാടിവിളിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദാരുണ മരണം. ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്.

മുഹമ്മദ് ജാബിർ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്ന മുഹമ്മദ് ജാബിർ (36), ലൈബ മുഹമ്മദ് ജാബിർ (7) സഹ മുഹമ്മദ് ജാബിർ (5), ആൺകുട്ടിയായ ലുത്ഫി മുഹമ്മദ് ജാബിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സഊദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. അപകടത്തിൽ ഇവരുടെ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. മൃതദേഹം ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജുബൈലിൽ നിന്നും പുതിയ താമസ സ്ഥലത്തേക്ക് മാറുന്നതിന്റെ മുന്നോടിയായി ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. എന്നാൽ, വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്താതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തെത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതായി വാർത്ത പരന്നു.
തുടർന്ന് കുടുംബത്തിന്റെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയ വഴി അന്വേഷണം വ്യാപകമാക്കി. മലയാളി സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും അന്വേഷണത്തിനൊടുവിലാണ് അപകട വിവരം പുറത്തറിഞ്ഞത്. റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായാണ് വിവരം ലഭ്യമായത്. കൂടുതൽ അന്വേഷണത്തിൽ അപകടത്തിൽ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു.




