ട്രംപിന്റെ പ്രസ് സെക്രട്ടറിയായി അഞ്ച് ദിവസം മാത്രം, കാറ്റി സക്കറിയ പുറത്ത്

News Desk
1 Min Read

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ കാറ്റി സക്കറിയ പുറത്ത്. കാറ്റി സക്കറിയയെ ചുമതലയിൽ നിന്ന് പുറത്താക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണയുമായി മാധ്യമരംഗത്ത് പ്രവർത്തിച്ച കാറ്റി സക്കറിയയെ കഴിഞ്ഞയാഴ്ചയാണ് പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ കാറ്റിക്കെതിരേ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് പുറത്താക്കിയത്.

നിയമപരമായ യോഗ്യതകളെക്കുറിച്ചും ബാർ പരീക്ഷ പാസാകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. മാധ്യമങ്ങളുടെ കനത്ത വിമർശനങ്ങളെ തുടർന്ന് പ്രസിഡന്റ് ട്രംപ് തന്നെ അവർക്ക് പിന്മാറാൻ നിർദ്ദേശം നൽകുകയായിരുന്നു. ഏതാനും ദിവസങ്ങൾ മാത്രമാണ് കാറ്റി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തിരുന്നത്. ഒരു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് കാലാവധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അടുത്ത പിൻഗാമിയെ നിയമിക്കുന്നതിൽ തിടുക്കമില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു.

താൻ അഭിഭാഷകയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് സക്കറിയ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയിലെ ഒരു സംസ്ഥാനത്തും അവർ അഭിഭാഷകയായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ബാർ പരീക്ഷ പാസായിട്ടില്ലെന്നും പിന്നീട് വ്യക്തമായിരുന്നു. ബാർ പരീക്ഷ പാസായെന്ന് ആദ്യം അവകാശപ്പെട്ട കാറ്റി, പിന്നീട് ഫോക്സ് ന്യൂസിലെ അഭിമുഖത്തിൽ താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് തുറന്നു സമ്മതിച്ചിരുന്നു. അഭിഭാഷക യോഗ്യതയിലെ വൈരുദ്ധ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങളിൽ നിന്ന് കാറ്റിക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് പുറത്താകുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!