ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിൽ പകൽവെളിച്ചത്തിൽ നടന്ന ക്രൂരമായ കവർച്ചയും കൊലപാതകവും പ്രദേശത്തെ നടുക്കി. വീട്ടിൽ തനിച്ചായിരുന്ന നീതു എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് അക്രമികൾ ബന്ദിയാക്കി, കൈകൾ കൂട്ടിക്കെട്ടി, മുഖത്തും വായയിലും ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം വീട്ടിലെ അലമാരകളും പെട്ടികളും തകർത്ത അക്രമികൾ വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവും കവർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സ്വകാര്യ സ്കൂളിലെ അധ്യാപകനായ നീതുവിന്റെ ഭർത്താവ് പ്രശാന്ത്, ഉച്ചയ്ക്ക് രണ്ടു മണിയോടെ കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അതിക്രൂരമായ സംഭവം പുറത്തറിയുന്നത്.
വീട്ടിലെ സാധനസാമഗ്രികൾ എല്ലാം മുറിയിൽ വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ട് പരിഭ്രാന്തനായ പ്രശാന്ത് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. ശുചിമുറിയിൽ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഉടൻ നീതുവിനെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വിവരമറിഞ്ഞയുടൻ സോഹ്ന അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് മുകേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട നീതുവിന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത അക്രമികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഊർജിതമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
