സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകുന്നു. എലിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഈ വർഷം ഇതുവരെ 118 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ജീവൻ വെടിഞ്ഞത്. ഇന്ന് മാത്രം ഒരാൾ എലിപ്പനി മൂലം മരണപ്പെട്ടു.
ഈ വർഷം ഇതുവരെ 2,308 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 3 പേർക്ക് എലിപ്പനി സംശയിക്കുന്നു. 99 പേർക്ക് ഡെങ്കിപ്പനി ഉള്ളതായി സംശയം. 40 പേർ ചികിത്സയിലുണ്ട്. 123 പേരുടെ ജീവനെടുത്ത ഇൻഫ്ല്യൂസ ബാധിച്ച് 22 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് പനി ബാധിച്ച് 7048 പേർ ചികിത്സ തേടിയിട്ടുണ്ട്. പകർച്ചവ്യാധി മൂലം ഈ വർഷം ഇതുവരെ 478 പേർ മരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ
മഴക്കാലത്തും തുടർന്നും കെട്ടിക്കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം എലിപ്പനി വ്യാപനത്തിന് പ്രധാന കാരണമാകുന്നു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ (Doxycycline) വാങ്ങി കഴിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കുന്നു. ഡെങ്കിപ്പനി തടയുന്നതിനായി പരിസര ശുചിത്വം ഉറപ്പാക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ ജനങ്ങൾ പങ്കാളികളാകണമെന്നും അധികൃതർ അഭ്യർഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
