ഭോപ്പാല്: മധ്യപ്രദേശിലെ റത്ലം ജില്ലയില് റെയില്വേ ക്രോസില് കുടുങ്ങിയ കാറിലേക്ക് പാസഞ്ചര് ട്രെയിന് ഇടിച്ചുകയറി അപകടം. ബഞ്ചാലി – സെജാവത ബൈപ്പാസിലുള്ള ലെവല് ക്രോസിങ് ഗേറ്റ് നമ്പര് 192 ലാണ് അപകടമുണ്ടായത്.
ട്രാക്കില് കുടുങ്ങിയ കാറിലേക്ക് വല്സാദ് – ഹിസാര് എക്സ്പ്രസ് (04728) ഇടിക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില് വന് ദുരന്തം ഒഴിവായി.
പ്രണവ് ഉപാധ്യായ എന്നയാള് ഓടിച്ചിരുന്ന കാറാണ് റെയില്വേ ട്രാക്കില് കുടുങ്ങിയത്. ലെവല് ക്രോസിങ് ഗേറ്റ് അടച്ചതോടെ കാറിന് മുന്നോട്ടും പിന്നോട്ടും എടുക്കാന് കഴിയാതെ വന്നു. പിന്നാലെ ട്രെയിന് പാഞ്ഞെത്തി ഇടിക്കുകയുമായിരുന്നു. ട്രാക്കില് കാര് കിടക്കുന്നത് ദൂരെ നിന്ന് കണ്ട ലോക്കോ പൈലറ്റ് ഉടന് ട്രെയിനിന്റെ വേഗത കുറച്ചതോടെയാണ് അപകടം ഒഴിവായത്. വലിയ വേഗതയിലല്ലാതെ എത്തിയതിനാല് ട്രെയിന് കാറിലിടിച്ചെങ്കിലും ആളപായമുണ്ടായില്ല.
വിവരമറിഞ്ഞ് ഉന്നത റെയില്വേ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി. ക്രെയിന് ഉപയോഗിച്ച് കാര് ട്രാക്കില് നിന്ന് നീക്കം ചെയ്ത ശേഷം ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചു.
അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. കാര് എങ്ങനെ ട്രാക്കില് കുടുങ്ങി എന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് റത്ലം ഡിവിഷണല് റെയില്വേ മാനേജര് അശ്വിനി കുമാര് ഉത്തരവിട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
