തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് കേസില് സര്ക്കാര് നിലപാടിനെ വിമര്ശിച്ച് മാത്യു കുഴല്നാടന് എംഎല്എ. കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് വിമര്ശനം ഉയര്ന്നത്.
ജനവിധിയെ സര്ക്കാര് മാനിക്കണമെന്നും പിണറായി വിജയനോട് മൃദു സമീപനം പാടില്ലെന്നും മാത്യു കുഴല്നാടൻ യോഗത്തിൽ ആവശ്യപ്പെട്ടു. ‘ഉമ്മന് ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നല്കരുത്’ എന്നും മാത്യു കുഴല്നാടന് യോഗത്തിൽ ആവശ്യപ്പെട്ടു. തൻ്റെ കൂടി പോരാട്ടത്തിന്റെ വിജയമാണ് യുഡിഎഫ് സര്ക്കാറെന്നും കുഴല്നാടന് പറഞ്ഞു.
കോണ്ഗ്രസ് പാര്ല്ലമെന്ററി പാര്ട്ടി യോഗത്തില് സര്ക്കാറിനെതിരെ രൂക്ഷ വിമര്ശനമാണ് ഉയര്ന്നത്. വിവിധ വിഷയങ്ങളിലാണ് എംഎല്എമാരുടെ വിമര്ശനം. മന്ത്രിമാരുടെ സമീപനം മാറ്റണമെന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും എംഎല്എമാര് പറഞ്ഞു. പാലക്കാട് വികസനത്തിന് സഹായം ലഭിക്കുന്നില്ലെന്ന് രമേഷ് പിഷാരടി ആരോപിച്ചു. പഴകുളം മധു, എം എം നസീര്, എം വിന്സന്റ് എന്നിവരും വിമര്ശനവുമായി രംഗത്തെത്തി.
അതേസമയം ഹൈക്കോടതിയില് സര്ക്കാര് സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും താൻ എജിയെ സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സർക്കാർ പറയാത്ത ഒരു വാചകവും എജി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സര്ക്കാര് വൈരാഗ്യ ബുദ്ധിയോടെ പ്രവര്ത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്എല്-എക്സാലോജിക് കേസില് പിണറായി വിജയന് ഹൈക്കോടതി ഡിവിഷന് ബെഞ്ചില് നിന്ന് തിരിച്ചടിയേറ്റിരുന്നു. ഇഡിയുടെ അടുത്ത നീക്കങ്ങളില് ഇടതു പക്ഷത്തിന് ആശങ്ക നിലനില്ക്കുമ്പോള് കോണ്ഗ്രസിനിത് കടുത്ത രാഷ്ട്രീയപ്രതിസന്ധിയാണ്.
രാവിലെ നിയമസഭാ മന്ദിരത്തിലെ വാര്ത്താ സമ്മേളനത്തില് എജിയെ തള്ളിയ മാത്യു കുഴല്നാടന് പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എന്നാല് എജിയെ പൂര്ണമായും ന്യായീകരിച്ചു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്തെത്തുകയായിരുന്നു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
