‘പൈലറ്റ് അമർത്തിയത് ഹൈജാക്ക് കോഡ്’; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ്

News Desk
1 Min Read

ജയ്പൂർ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യയുടെ AI2030 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 250ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ലാൻഡിങ് നടത്തിയ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS) എന്നിവരുടെ നേതൃത്വത്തിൽ വിമാനത്തിലും യാത്രക്കാരുടെ ലഗേജുകളിലും പരിശോധന നടത്തി വരികയാണ്.

അതേസമയം, അടിയന്തര ലാൻഡിങ്ങിന് കാരണം ബോംബ് ഭീഷണിയല്ലെന്നും വിമാന റാഞ്ചൽ മുന്നറിയിപ്പാണെന്നും എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പൈലറ്റ് ഹൈജാക്ക് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘Squawk 7500’ കോഡ് നൽകിയതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്താവള അധികൃതരോ എയർ ഇന്ത്യയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!