പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മുപ്പത്തിമൂന്നുകാരിയായ ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
തൃഷ്ന രാഹുൽ സക്പാൽ എന്ന യുവതിയാണ് മരിച്ചത്. 2018ലായിരുന്നു തൃഷ്നയും രാഹുൽ സക്പാലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ പണമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിരുന്നതായി തൃഷ്നയുടെ പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തൃഷ്നയുടെ മുഴുവൻ ശമ്പളവും വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുമായിരുന്നു.
അതിനു പുറമേ തൃഷ്നയുടെ മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണമെന്നും ഭർത്താവിന്റെ പിതാവിന്റെ പേരിൽ ഒരു കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടതായി തൃഷ്നയുടെ ബന്ധുക്കൾ അറിയിച്ചു. നിരന്തരമുള്ള ആവശ്യങ്ങളും ശാരീരിക പീഡനങ്ങളും കാരണം 2021ൽ തൃഷ്ന സ്വന്തം വീട്ടിലേക്ക് തിരികെയെത്തി.
തുടർന്ന് മറ്റൊരു വിവാഹം കഴിക്കുന്നതിനായി തൃഷ്നയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രാഹുൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. ഈ സംഭവങ്ങളിലെല്ലാം മനംനൊന്താണ് തൃഷ്ന സെപ്റ്റംബർ 29ന് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ പറയുന്നത്. തൃഷ്നയുടെ മരണത്തിനു പിന്നാലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിനു കാരണക്കാർ ഭർത്താവും അയാളുടെ മാതാവും പിതാവും സഹോദരിയും ഭർതൃപിതാവിന്റെ മാതാവുമാണെന്ന് ആരോപിക്കുന്നു. സംഭവത്തിൽ തൃഷ്നയുടെ പിതാവിന്റെ പരാതിയ അഞ്ചു പേർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
