ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ അടക്കമുള്ള നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചു. ഇവിടെയാണ് ഇവരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിൽ എത്തിച്ചതായാണ് വിവരം.
മണിക്കൂറുകളോളം നഗരം ചുറ്റിച്ച ശേഷമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ജയിൽപോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവ് പറഞ്ഞു.
‘ഒരു മണിക്കൂറോളം ആയി വാഹനത്തിൽ. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി. നാല് അറകളാണ് വാഹനത്തിൽ ഉള്ളത്. 15 പേരാണ് ഒപ്പം ഉള്ളത്. പോലീസിന്റെ ബലപ്രയോഗത്തിൽ പലർക്കും പരിക്കുണ്ട്’- പി. രാജീവ് പറഞ്ഞു.
‘പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത് ഞങ്ങളെ എങ്ങോട്ടോ കൊണ്ടുവന്നിരിക്കുകയാണ്. 25-ഓളം പ്രവർത്തകർ വാഹനത്തിൽ ഉണ്ടായിരുന്നു. ബുരാരിയിലാണ് ഇപ്പോൾ ഞങ്ങളെ എത്തിച്ചിരിക്കുന്നത്. സിപിഎം നേതാക്കളൊക്കെ ഇവിടെ ഉണ്ട്. ഒരു മുറിയിൽ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറുന്നത്.’- എളമരം കരീം പറഞ്ഞു.
‘ഒരു മണിക്കൂറോളം നഗരത്തിൽ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചിരിക്കുകയാണ്. എന്താണ് ഞങ്ങൾ ചെയ്ത കുറ്റം എന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പോലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താൽ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്.’- ജോൺ ബ്രിട്ടാസ് എം.പി. പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
