കൊലക്കേസ് പ്രതികളെ പുറത്തുകൊണ്ടുപോയി ഫ്ലാറ്റ് വൃത്തിയാക്കിച്ചു; ഒളിവിലായിരുന്ന അജ്‌മീർ ജയിലർ അറസ്റ്റിൽ

News Desk
1 Min Read

ജയ്പൂർ: അജ്‌മീർ സെൻട്രൽ ജയിലിൽ നിന്ന് അനുമതിയില്ലാതെ രണ്ടു വനിതാ തടവുകാരെ തന്റെ സ്വകാര്യ ഫ്ലാറ്റ് വൃത്തിയാക്കാൻ കൊണ്ടുപോയതിന് കേസിൽപ്പെട്ട് ഒളിവിലായിരുന്ന ജയിലർ അറസ്റ്റിൽ.

രണ്ടു മാസത്തോളം ഒളിവിലായിരുന്ന ദിവ്യ ചൗധരിയെ കോട്ടയിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ദിവ്യയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

വെവ്വേറെ കൊലക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരൺ, സന എന്നീ വനിതാ തടവുകാരെ ജൂലൈ 12 ന് കോടതിയുടെ അനുമതിയില്ലാതെയും ജയിൽ രേഖകളിൽ രേഖപ്പെടുത്താതെയും സ്വകാര്യ വാഹനത്തിൽ ജയിലിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ഡിഎസ്‌പി (നോർത്ത്) ശിവം ജോഷി പറഞ്ഞു.

രണ്ടു തടവുകാരെയും അജ്‌മീറിലെ എആർജി സിറ്റിയിലുള്ള ദിവ്യയുടെ സ്വകാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി, അവരെക്കൊണ്ട് ഫ്ലാറ്റ് വൃത്തിയാക്കിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 5 ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യുകയും ദിവ്യയെയും ജയിൽ ഗാർഡ് സോണിയ ചൗധരിയെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ഒളിവിൽ പോയ ദിവ്യയെ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ കോട്ടയിലെ ഒരു റെസിഡൻഷ്യൽ ഫ്ലാറ്റിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തടവുകാരെ പുറത്തു കൊണ്ടുപോകുന്നതിനെ എതിർത്തപ്പോൾ, ജയിലിന്റെ പ്രധാന കവാടത്തിലെ വനിതാ ജീവനക്കാരെ ദിവ്യയും സോണിയയും ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. ഇപ്പോഴും ഒളിവിൽ കഴിയുന്ന സോണിയക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!