സ്പായിലെ ലൈംഗികാതിക്രമം: യുവതിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു

News Desk
1 Min Read

കൊച്ചി: സ്പായുടെ മറവിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം. 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്.

പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്. ലഹരിവസ്തുക്കൾ വലിപ്പിക്കുകയും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും അതിജീവിതയെ കാണാൻ എത്തിയിരുന്നു. കേസിൽ നിന്നു പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി വ്യക്തമാക്കി.

അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്പാകൾക്ക് ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും സ്പാ വെൽനെസ് ഡവലപ്മെന്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കളമശേരിയിൽ സ്പായിൽ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ശ്രീരാജിനെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്.

ശ്രീരാജ് ബെനാമി പേരുകളിൽ കൂടുതൽ സ്പാകൾ നടത്തുന്നതായി സംശയമുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങളുടെ പേരിൽ മുഴുവൻ മസാജ് സെന്ററുകളെയും സ്‌പാ, വെൽനെസ് സ്ഥാപനങ്ങളെയും സംശയനിഴലിൽ നിർത്തുന്നതു ശരിയല്ലെന്നും പ്രസിഡന്റ് കെ. റിൻഷാദ്, സെക്രട്ടറി എസ്. അനീഷ് എന്നിവർ പറഞ്ഞു.

സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി പരാതികളുണ്ടെന്നും എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതിജീവിതയെ വനിതാ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. അധ്യക്ഷ പി.സതീദേവി, അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, ഇന്ദിര രവീന്ദ്രൻ എന്നിവർ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവതിയെ കണ്ടത്. സംഭവത്തിൽ കേസെടുത്തതായും കമ്മിഷൻ അറിയിച്ചു. കളമശേരി പൊലീസിൽ നിന്നു കേസിന്റെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പാകൾ, മസാജ് സെന്ററുകൾ എന്നിവ അനധികൃതമായാണോ നടത്തുന്നതെന്ന കാര്യം പരിശോധിക്കണമെന്നും അതിനാവശ്യമായ മോണിറ്ററിങ് സംവിധാനം സംസ്ഥാനത്തു വേണമെന്നും കമ്മിഷൻ സർക്കാരിന് ശുപാർശ നൽകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!