ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണം; പുതിയ ബിൽ അവതരിപ്പാക്കാനൊരുങ്ങി ഇസ്റാഈൽ പ്രതിപക്ഷ നേതാവ്

0
10

ടെൽ അവീവ്: ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇസ്റാഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്ത്. ഇതുസംബന്ധിച്ച ബിൽ ഇസ്റാഈൽ പാർലമെന്റായ നെസെറ്റിൽ അവതരിപ്പിക്കുമെന്ന് ലാപിഡ് പ്രഖ്യാപിച്ചു. ഖത്തർ ഹമാസിനെ പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ലാപിഡിന്റെ നീക്കം.

ഇസ്റാഈലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്കെതിരെ ഖത്തർ നിരന്തരം പ്രവർത്തിക്കുന്നുവെന്നാണ് ലാപിഡിന്റെ വാദം. ശത്രുരാജ്യങ്ങൾക്ക് ബാധകമായ എല്ലാ നിയമവ്യവസ്ഥകളും ഖത്തറിനും ബാധകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ലാപിഡ് എക്‌സിലൂടെ (X) വ്യക്തമാക്കി. ഇസ്റാഈൽ പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിൽ വരെ ഖത്തർ ഏജന്റുമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ലാപിഡ് ആരോപിച്ചു. ഇസ്റാഈൽ മാധ്യമങ്ങൾ ‘ഖത്തർഗേറ്റ്’ എന്ന് വിശേഷിപ്പിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മധ്യസ്ഥ ചർച്ചകളിൽ ഖത്തർ വഹിക്കുന്ന പങ്കിനെ അവഗണിച്ചുകൊണ്ടാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയ്ക്കും ഈജിപ്തിനും ഒപ്പം നിർണ്ണായക പങ്ക് വഹിക്കുന്നത് ഖത്തറാണ്. 2012 മുതൽ അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഹമാസ് നേതൃത്വത്തിന് ഖത്തർ ആതിഥേയത്വം നൽകുന്നത്. വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്റാഈൽ ഉദ്യോഗസ്ഥർ തന്നെ പലതവണ ദോഹ സന്ദർശിച്ചിട്ടുണ്ട്.

സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. 2025 സെപ്റ്റംബർ 9-ന് ദോഹയിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഹമാസ് പ്രതിനിധി ഖലീൽ അൽ ഹയ്യയുടെ മകൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ ഖത്തർ സുരക്ഷാ സേനയിലെ ഒരു അംഗവും കൊല്ലപ്പെട്ടത് നയതന്ത്ര തലത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കി.

യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ പിന്തുണയോടെ ഖത്തറിനെതിരെ സമാനമായ നടപടികൾ സ്വീകരിക്കാൻ ഈ ബിൽ സഹായിക്കുമെന്നാണ് ലാപിഡ് വിശ്വസിക്കുന്നത്. അമേരിക്കയുടെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായ ഖത്തറിനെതിരെ ഇത്തരം ഒരു നീക്കം ഉണ്ടായാൽ അത് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്റാഈലിൽ നെതന്യാഹു സർക്കാരിനെതിരെ പ്രതിപക്ഷം ഈ വിഷയം വലിയ ആയുധമാക്കുകയാണ്.