തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പിടിമുറുക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടി നാളെ തുടങ്ങാനിരിക്കെ, പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും.
കേസിലെ രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് പ്രതികൾക്കും സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചത്.
സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്. പ്രതികൾ നേരിട്ടോ അഭിഭാഷകർ വഴിയോ വിവരങ്ങൾ ഇഡിയെ അറിയിക്കണം. കേസിലെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതിയായ മുരാരി ബാബുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ. മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിരുന്നു.
അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സ്വർണക്കൊള്ളക്കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
ജിഷ വധക്കേസിലടക്കം സംസ്ഥാനത്തെ പ്രമാദമായ ഒട്ടേറെ കേസുകളിൽ എൻ.കെ. ഉണ്ണിക്കൃഷ്ണൻ പബ്ലിക് പ്രോസിക്യൂട്ടറായി കോടതികളിൽ ഹാജരായിട്ടുണ്ട്. നിലവിൽ വിചാരണ നടക്കുന്ന കൂടത്തായി കൊലപാതക കേസിലും തൃശൂർ സ്വദേശിയായ എൻ.കെ. ഉണ്ണികൃഷ്ണനാണ് പബ്ലിക് പ്രോസിക്യൂട്ടർ.





