അവസാന ബജറ്റ് ഇന്ന്: വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമോ?

0
50

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തേയും ബജറ്റുമാണിത്. രാവിലെ 9 മണിക്കാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകും. റബറിൻ്റെ താങ്ങുവില വർധന, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഡിഎകുടിശികയും പെൻഷൻ പരിഷ്ക്കരണം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. 6.19 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 685 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.