ന്യൂഡല്‍ഹി: പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിക്ക് പെണ്‍കുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ നംഗ്ലോയിയിലാണ് സംഭവം.
പതിനഞ്ചുകാരന് സ്കൂളില്‍ നിന്ന് പെണ്‍കുട്ടിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പതിനഞ്ചുകാരനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതികളില്‍ ഒരാള്‍ കത്തികൊണ്ട് വിദ്യാര്‍ഥിയുടെ വലത് തുടയില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സോണിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരെയും ഡല്‍ഹി പോലീസ് മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു. നംഗ്ലോയ് പോലീസ് സ്റ്റേഷനില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
