മുംബൈ: മുംബൈയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഗുജറാത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് മുംബൈയിലെ ഗോരേഗാവ് ഈസ്റ്റ് മെട്രോ സ്റ്റേഷന് താഴെ വെച്ച് തീപിടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് ചെക്ക്നാക്ക സിഗ്നലിന് സമീപം സംഭവം. ബസിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും ഡ്രൈവറും സുരക്ഷിതരായി രക്ഷപ്പെട്ടു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
എംജെ 01 എ എൻ 1695 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മഹാദേവ് ട്രാവലർ ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നതോടെ റോഡിലെ ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു.
വിവരം ലഭിച്ചതിനെ തുടർന്ന് മുംബൈ ഫയർ ബ്രിഗേഡ്, പൊലീസ്, 108 ആംബുലൻസ്, മെട്രോ അധികൃതർ എന്നിവർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.തുടർന്ന് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു.
സാങ്കേതിക തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിൽ വിശദമായ പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം അധികൃതർ ആരംഭിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
