കേടായ വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച്​ അപകടം; റിയാദിൽ പ്രവാസിക്ക്​ ദാരുണ മരണം

malayalampress
1 Min Read

റിയാദ്: കേടായ വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യക്കാരനായ ഡ്രൈവർ ദാരുണമായി മരിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് ആസിഫ് (53) ആണ് അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിലെ പ്രിൻസ് തുർക്കി അൽ അവ്വൽ റോഡിലായിരുന്നു അപകടം. വാഹനം കേടായതിനെ തുടർന്ന് റിക്കവറി വാഹനത്തിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ, പിന്നിൽ നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും ബന്ധുക്കളും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിനെ സമീപിക്കുകയായിരുന്നു. തുടർന്ന് റിയാദ് കെ.എം.സി.സി വെൽഫെയർ വിം​ഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി, റിയാദ് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്, ആശുപത്രി എന്നിവിടങ്ങളിലെ ഔദ്യോഗിക പേപ്പർവർക്കുകൾ വേഗത്തിൽ പൂർത്തിയാക്കി.

വെൽഫെയർ വിങ്ങ് വളണ്ടിയർമാരായ ജുനൈദ് താനൂർ, നസീർ കണ്ണീരി എന്നിവർക്കൊപ്പം മരിച്ച ആസിഫിന്റെ സഹോദരൻ കാശിഫ് അഹമ്മദും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടെയുണ്ടായിരുന്നു. നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ മൃതദേഹം നാളെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!