‘ഇസ്‌ലാം: നിർഭയത്വവും സമാധാനവും’ ദേശീയ ക്യാമ്പയിൻ ഉദ്ഘാടനം നാളെ 

malayalampress
2 Min Read

റിയാദ്: “ഇസ്‌ലാം: നിർഭയത്വവും സമാധാനവും” എന്ന പ്രമേയത്തിൽ സഊദി അറേബ്യയിലെ ഇസ്‌ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെ ത്രൈമാസ ദേശീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ദേശീയ ഉദ്ഘാടന സമ്മേളനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ ഓൺലൈനായി നടക്കും.

ഇസ്‌ലാമിന്റെ യഥാർത്ഥ സന്ദേശവും നിർഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും ചിന്തയുടെയും ആത്മപരിവർത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ദേശീയ ഉദ്ഘാടന സമ്മേളനം വിസ്‌ടോം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. അബ്ദുറഊഫ് അൽ ഹികമി, അബ്ദുല്ല അൽ ഹികമി, ഇമ്പിച്ചിക്കോയ സാഹിബ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ അവതരിപ്പിക്കും.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ 6.00 വരെ ഓൺലൈനായി (Zoom) നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് ദേശീയ തലത്തിലുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.

പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ദേശീയ, പ്രവിശ്യാ, റീജണൽ, ഇസ്‌ലാഹി സെന്റർ തലങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും അറുപതോളം വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, പ്രൊഫഷണലുകൾ, ഡ്രൈവർമാർ, കുടുംബങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ക്വിസ്, പഠന ക്ലാസുകൾ, സംവാദങ്ങൾ, സെമിനാറുകൾ, ക്യാമ്പുകൾ, കരിയർ ഗൈഡൻസ്, CPR പരിശീലനം, യൂത്ത് സമ്മിറ്റ്, An Evening with Peace Radio തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളുടെ തിരക്കേറിയ ജീവിതത്തിനിടയിലെ ഒഴിവുസമയം വിജ്ഞാനപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും.

സൗദിയിലെ വിവിധ പ്രവിശ്യകളിലായി ബോധവത്കരണ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക സംവാദങ്ങൾ, കുടുംബസംഗമങ്ങൾ, യുവജന–വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടികൾ എന്നിവയും നടക്കും. ഡ്രൈവർമാർക്കായി ‘ചലനം – ഡ്രൈവേഴ്സ് മീറ്റ്’, വിദ്യാർത്ഥികൾക്കായി ക്വിസ്, കലാ–കായിക പരിപാടികൾ, വനിതകൾക്കായി Ladies Meet, Elevate Her – Girls Gathering, യുവാക്കൾക്കായി Youth Summit, Youth Debate, Youth Camps, പ്രൊഫഷണലുകൾക്കായി Focus Professional Meet, കരിയർ ഗൈഡൻസ്, Peace Radio പരിപാടികൾ എന്നിവയും പദ്ധതിയിലുണ്ട്.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാൻ കഴിയുന്ന തരത്തിലാണ് ക്യാമ്പയിൻ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!