കള്ള ടാക്‌സി: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികൾക്ക് കടുത്ത ശിക്ഷ, കനത്ത പിഴക്ക് പുറമെ സഊദിയിൽ നിന്ന് നാടുകടത്തുന്നു

malayalampress
1 Min Read

റിയാദ്: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ. കനത്ത പിഴ ഈടാക്കി നാടുകടത്താൻ ഉത്തരവ് പുറപെടുവിച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇത്തരം കേസുകൾ പരിശോധിക്കുന്ന അതോറിറ്റിക്കു കീഴിലെ പ്രത്യേക സമിതിയുടേതാണ് ഉത്തരവ്.

മൂന്ന് പ്രതികൾക്കും കൂടി ആകെ 35,000 റിയാൽ (ഏകദേശം 8 ലക്ഷത്തോളം രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രവാസിക്ക് പുറമെ ഈജിപ്ത്, ഛാഡ് സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ സ്വദേശിയായ ഷാഫി നൂർ ഹസന് 12,000 റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഈജിപ്ത് സ്വദേശി മുഹമ്മദ് ഖാലിദ് മുഹമ്മദ് ഹസനും സമാനമായ ശിക്ഷ ലഭിച്ചു. ഇയാൾക്കും 12,000 റിയാലാണ് പിഴ. മൂന്നാമത്തെയാളായ ഛാഡ് സ്വദേശി അബ്ദുറഹ്‌മാൻ മുഹമ്മദ് നൂർ മുഹമ്മദിന് 11,000 റിയാൽ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

ആവശ്യമായ ലൈസൻസുകളില്ലാതെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ലാൻഡ് ട്രാൻസ്‌പോർട്ട് നിയമം വിലക്കുന്നുവെന്നും പ്രവാസി നിയമലംഘകർക്കെതിരെ പിഴക്ക് പുറമെ നാട് കടത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ലൈസൻസുള്ള ഗതാഗത സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാനും നിയമപരമായി ലഭ്യമായ ഗതാഗത ഓപ്ഷനുകൾ ഉപയോഗപ്പെടുത്താനും അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article