‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് പോസ്റ്റുകൾ; ഉറവിടം കണ്ടെത്താൻ മെറ്റയ്ക്ക് കത്തയച്ച് പോലീസ്

0
23

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിന് എതിരായ കേസിൽ മെറ്റയ്ക്ക് കത്ത് അയച്ച് പൊലീസ്. ഗാനത്തിൽ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ഈ പോസ്റ്റുകൾ ഡിലിറ്റ് ചെയ്യപ്പെട്ടു. പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായാണ് പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചത്.

പാരഡി ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. സംഭവത്തിൽ കൂടുതൽപ്പേർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ പാരഡി ഗാനത്തിനെതിരെ നിയമ നടപടി പ്രായോഗികമല്ലെന്നാണ് വിദഗ്‌ദരുടെ പക്ഷം. ഒരു പാട്ടിൻ്റെ താളം ഉപയോഗിച്ച് പാരഡി പാടുന്നത് നിയമ വിരുദ്ധമല്ലെന്നും, മതവിദ്വേഷം പടർത്തുന്ന വരികളൊന്നും വൈറലായ പാരഡിയിൽ ഇല്ലെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പാരഡി ഗാനത്തിനെതിരെ സിപിഐഎം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും പരാതി നൽകുക. സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. പാരഡി ഗാനത്തിലൂടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നു എന്നാണ് സിപിഐഎം നിലപാട്. ലീഗ് കോൺഗ്രസ് പ്രവർത്തകർ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും അയ്യപ്പനെ തെരഞ്ഞെടുപ്പിനു വേണ്ടി വികലമായി ഉപയോഗിച്ചു എന്നുമാണ് സിപിഐഎം ജില്ലാ നേതൃത്വം പറയുന്നത്.