സഊദിയിൽ ആശ്വാസ പ്രഖ്യാപനം; ഫാക്ടറി തൊഴിലാളികള്‍ക്ക് ലെവി റദ്ദാക്കി

0
42

റിയാദ്: സഊദിയില്‍ ആശ്വാസപ്രഖ്യാവുമായി മന്ത്രാലയം. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ധാക്കും. സഊദി മന്ത്രിസഭായോഗതിന്റെതാണ് തീരുമാനം. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും.

ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഇതാണ് ഇനി മുതൽ ഇല്ലാതാകുക. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല.

പുതിയ തീരുമാനം വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ സുസ്ഥിരതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും സാധ്യമാകുമെന്നാണ് പ്രതീക്ഷ.

കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നേരത്തെ താൽക്കാലികമായി നൽകിയിരുന്ന ഈ ഇളവാണ് ഇപ്പോൾ സ്ഥിരമായി ഒഴിവാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

സഊദിയിലെ വ്യവസായ മേഖലയ്ക്ക് ഭരണകൂടം നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ ഫാക്ടറികളെ ശാക്തീകരിക്കാനും ആഗോളതലത്തിൽ അവയുടെ മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കിരീടാവകാശി ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചത്.

സഊദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള നിർണ്ണായകമായ ഒരു തന്ത്രപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള പ്രധാന തൂണുകളിലൊന്നാണ് വ്യവസായ മേഖല.