എറണാകുളം: സമസ്ത ഐക്യം അനിവാര്യമെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. സമസ്ത യോജിക്കണമെന്നാണ് ഇരുവിഭാഗങ്ങളുടെയും ആഗ്രഹം. ചില കറുത്ത ശക്തികൾ ആണ് ഐക്യത്തിന് തടസം നിൽക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കം ഐക്യത്തിന് എതിരാണ്.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കണ്ണുനീർ വേദനിപ്പിച്ചു. സമസ്തയിലെ പിളർപ്പിന് പിന്നിൽ ചില തത്പരകക്ഷികൾ എന്നും മുസ്തഫ മുണ്ടുപാറ ഹലോ മലയാളം ലീഡേഴ്സ് മോർണിംഗിൽ പറഞ്ഞു.
സമസ്ത ഐക്യത്തിനെതിരായ നിലപാട് ലീഗിൽ നിന്ന് പ്രത്യക്ഷമായി ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്നത് തത്പരകക്ഷികളുടെ തെറ്റായ പ്രചാരണമാണ്. സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നാണ് നിലപാട്. സ്ത്രീകളുടെ പുരോഗതിക്ക് ഒരിക്കലും സുന്നികൾ തടസമല്ലെന്നും മുസ്തഫ മുണ്ടുപാറ കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചാൽ വി.ഡി. സതീശൻ സർക്കാരിന്റെ അന്ത്യമായിരിക്കുമെന്നും സമസ്ത പ്രതികരിച്ചു. ഇടതുപക്ഷം ചെയ്ത തെറ്റ് ആവർത്തിക്കാനാണോ യുഡിഎഫ് നീക്കം. മദ്യം വർജിക്കേണ്ട സമയത്ത് അത്തരമൊരു നിലപാടുമായി മുന്നോട്ട് പോകരുതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
പിഎം ശ്രീ ദുരുദ്ദേശ്യത്തോടെ കൊണ്ടുവന്ന പദ്ധതിയെന്നും സമസ്ത പ്രതികരിച്ചു. കേരളത്തിൽ ഒരു തരത്തിലും നടപ്പാക്കാൻ പാടില്ലാത്തതാണ് പദ്ധതി. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത് ഭരണത്തിലെത്തുമ്പോൾ മാറ്റി പറയാനാകില്ലെന്നും സമസ്ത പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
