തിരുവനന്തപുരം: ഇക്കുറി മന്ത്രിസഭയിലെ സര്‍പ്രൈസ് എന്‍ട്രിയായ കൊടുങ്ങല്ലൂര്‍ എംഎല്‍എ ഒ.ജെ. ജനീഷിന് സര്‍പ്രൈസുകള്‍ ഒഴിയുന്നില്ല. ഔദ്യോഗികമായി അനുവദിച്ചു കിട്ടിയ കാറിലും കൗതുകം ഒളിച്ചിരിപ്പുണ്ടായിരുന്നു. വാഹനം ലഭിക്കുമ്പോള്‍ മന്ത്രി നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല.
രാത്രി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ നമ്പറിന്റെ കൗതുകം പറയുമ്പോഴാണ് മന്ത്രിയും ആശ്ചര്യപ്പെട്ടത്. കെഎല്‍1 സിബി 8308 ആണ് മന്ത്രിക്ക് അനുവദിച്ച വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍. ഇടതു കോട്ടയായിരുന്ന കൊടുങ്ങല്ലൂരില്‍നിന്ന് മന്ത്രി ജയിച്ചത് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണോ അതു തന്നെയാണ് വാഹനത്തിന്റെ നമ്പറും.
8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനീഷ് ആദ്യമായി നിയമസഭയില്‍ എത്തിയതും അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം കിട്ടിയതും. നമ്പര്‍ ചോദിച്ചു വാങ്ങിയതല്ലെന്നും യാദൃശ്ചികമായി കിട്ടിയതാണെന്നും അതിനെ ഭാഗ്യനമ്പറായാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടില്‍നിന്ന് നിരവധി പേര്‍ നമ്പര്‍ കണ്ട് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്താം നമ്പര്‍ വാഹനമാണ് മന്ത്രിക്കു കിട്ടിയത്. സ്‌പോര്‍ട്‌സിനോട് താല്‍പര്യമുള്ളവരുടെ ഇഷ്ടനമ്പരായ പത്തും തനിക്ക് പ്രിയപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. സച്ചിന്റെയും മെസിയുടെയും നമ്പരില്‍ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകുമല്ലോ എന്നും മന്ത്രി പറയുന്നു. ടൂറിസം വകുപ്പില്‍നിന്ന് താല്‍ക്കാലികമായാണ് വാഹനം അനുവദിച്ചിരിക്കുന്നത്. നമ്പര്‍ ശ്രദ്ധയില്‍പെട്ടതോടെ ഇനി ഇതു വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
