നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്; 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതും

News Desk
2 Min Read

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഔദ്യോഗികമായി അറിയിച്ചത്.

രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് നേരത്തെ പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത്. അതിനിടയിൽ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടാണ് പരീക്ഷ എൻ.ടി.എ റദ്ദാക്കിയത്.

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നതെന്ന് എൻ.ടി.എ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും എൻ.ടി.എയുടെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ മാത്രം ആശ്രയിക്കണമെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.

മെയ് 3ന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. 720 മാ​ർ​ക്കി​ന്റെ പ​രീ​ക്ഷ​യി​ൽ ഏ​ക​ദേ​ശം 600 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് ര​ണ്ടു​ദി​വ​സം മു​മ്പേ പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

ഈ ചോദ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട രാജസ്ഥാനിൽ നിന്ന് ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണ റിപ്പോർട്ടുകളും സി.ബി.ഐ അന്വേഷണവും പരിഗണിച്ചാണ് പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ പുനഃപരീക്ഷ നടത്താൻ ഏജൻസി തീരുമാനിച്ചത്.

പുനഃപരീക്ഷക്കായി വിദ്യാർഥികൾ പ്രത്യേകമായി ഫീസ് അടക്കേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. പഴയ അപേക്ഷാ വിവരങ്ങൾ തന്നെ ഇതിനായി പരിഗണിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകുമോ എന്നത് സംബന്ധിച്ച വിവരം ഹാൾ ടിക്കറ്റ് പുറത്തിറങ്ങുന്നതോടെ വ്യക്തമാകും. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി neet-ug@nta.ac.in എന്ന ഇമെയിൽ വഴിയോ, 011-40759000, 011-69227700 എന്ന ഹെൽപ്പ്‌ലൈൻ നമ്പറുകൾ വഴിയോ വിദ്യാർഥികൾക്ക് ബന്ധപ്പെടാം.

എന്താണ് നീറ്റ് പരീക്ഷ?
ഇന്ത്യയിലെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഏകീകൃത പ്രവേശന പരീക്ഷയാണ് നീറ്റ്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ഇത് സംഘടിപ്പിക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷാ രീതിയാണ് നീറ്റ് എക്സാം പിന്തുടരുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി) എന്നി വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാകാറുള്ളത്. 720 മാർക്കാണ് പരീക്ഷയുടെ ആകെ സ്കോർ (ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്ക്, തെറ്റായ ഉത്തരത്തിന് 1 മാർക്ക് നെഗറ്റീവ്).
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!