പെൺ‌കുട്ടിയെ പീഡിപ്പിച്ച ശേഷം ജയിൽവാസം; ജാമ്യത്തിൽ ഇറങ്ങി വിവാഹ വാഗ്ദാനം നൽകി വീണ്ടും പീ‍ഡനം, 23 വർഷം കഠിന തടവ്

0
9

തിരുവനന്തപുരം: 16 വയസ്സുകാരിയെ പീഡിപ്പിച്ചതിനു ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്തിന് (24) 23 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2022 മാർച്ച് 12നാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി വർക്കലയിൽ കൊണ്ടുപോയി രണ്ട് ദിവസം പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചത്തിന് മറ്റൊരു കേസുണ്ടായിരുന്നു. ആ കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയപ്പോഴാണ് പ്രതി കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, ആർ.അരവിന്ദ് എന്നിവർ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, ഫോർട്ട് എസ്ഐ കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.