റിയാദ്: നിയോം വന്യജീവി സംരക്ഷിത മേഖലയിൽ വ്യത്യസ്തമായ 6 ഇനത്തിൽപ്പെട്ട 1100 ലേറെ മൃഗങ്ങളെ പുനരധിവസിപ്പിച്ചു. വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പതിറ്റാണ്ടുകൾ നീണ്ട അഭാവത്തിന് ശേഷം ആറ് വ്യത്യസ്ത ഇനങ്ങളിൽ മൃഗങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ട് നിയോം പാരിസ്ഥിതിക രംഗത്ത് ഒരു ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്.
ഒരു നൂറ്റാണ്ടിന് മുൻപ് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നും വംശനാശം സംഭവിച്ച അറേബ്യൻ ഒറിക്സ് മൃഗങ്ങളെയാണ് നിയോമിലെ സംരക്ഷിത മേഖലയിലെ സ്വാഭാവിക പ്രകൃതി ആവാസ പരിസ്ഥിതിയിലേക്ക് മടക്കിയെത്തിച്ചത്. 1970 കളിൽ അമിതമായ വേട്ടയാടൽ മൂലമാണ് ഈ പ്രദേശത്തു നിന്നും അറേബ്യൻ ഒറിക്സുകൾ അപ്രത്യക്ഷമായത്.
ഈ മേഖലയിൽ മാത്രം കണ്ടുവരുന്ന 208 ലധികം വന്യജീവി വർഗ്ഗങ്ങളാണ് നിയോം സംരക്ഷിത പ്രദേശത്ത് തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനസ്ഥാപിച്ചതോടെ തിരികെ എത്തിയത്. ഇതു കൂടാതെ മരുഭൂമിയിൽ അതിവേഗം ഓടാൻ കഴിയുന്ന ഇനത്തിൽപെടുന്ന 530ലേറെ അറേബ്യൻ മണൽ മാനുകളും ഇവിടെ വളരുന്നു.
223 മരുഭൂമിയിലെ പർവ്വത പ്രദേശങ്ങളിലും പാറക്കൂട്ടങ്ങളിലും മറ്റും ജീവിക്കുന്ന ഇനം ചെറുമാൻ വർഗ്ഗത്തിൽപെടുന്ന അറേബ്യൻ ഗാസെലുകളും ഇവിടെ വളരുന്നുണ്ട്. 53 ലധികം നൂബിയൻ ഐബെക്സ് കാട്ടാടുകൾ ഇവിടെയുണ്ട്. ചുവന്ന കഴുത്തുള്ള ഒട്ടകപക്ഷി, നാല് പതിറ്റാണ്ട് മുൻപ് സൗദി മരുഭൂമിയിൽ കണ്ടിരുന്ന ലാനെർ ഫാൽക്കൺ എന്നറിയപ്പെടുന്ന ഇരപിടിയൻ പുള്ള് ഇനത്തിലുള്ള പരുന്ത് എന്നിവയൊക്കെ നിയോം പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പുനരവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നു.





