കൊച്ചി: അഭിഭാഷകനായി എൻറോൾ ചെയ്തതിന്റെ റീൽ വൈറലാക്കാൻ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യംതന്നെ ഷൂട്ടുചെയ്ത് ഉപയോഗിച്ച യുവ അഭിഭാഷകൻ പെട്ടു.
റീൽ വൈറലായതിനുപിന്നാലെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുകാട്ടി കേരള ബാർ കൗൺസിൽ നോട്ടീസ് നൽകി. അഡ്വക്കേറ്റ് ആക്ട് വകുപ്പ് 35 പ്രകാരം നൽകിയ നോട്ടീസിൽ തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ പ്രാക്ടീസ് ചെയ്യുന്നതുപോലും വിലക്കാം.
ഞായറാഴ്ചയാണ് തൃശ്ശൂർ ചാവക്കാട് സ്വദേശി ഹൈക്കോടതിയിൽനടന്ന ചടങ്ങിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ഇതിനിടയിലാണ് റീലിനായുള്ള ഷൂട്ടും നടത്തിയത്. ജഡ്ജിയുടെ കാറിന്റെ മുൻവശം കാണിച്ചു തുടങ്ങുന്ന വീഡിയോയിൽ ഹൈക്കോടതി കെട്ടിടവും എൻറോൾമെന്റ് ചടങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. 30 സെക്കൻഡ് റീൽ ബുധനാഴ്ച വ്യാപകമായി പ്രചരിച്ചു.





