ബംഗളൂരു: പ്രണയവിവാഹം വിലക്കിയത് അനുസരിക്കാത്ത മകളെ പിതാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നതായി പരാതി. സ്കൂട്ടർ അപകടമരണം എന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്നും ആക്ഷേപം. ബംഗളൂരു അർബൻ ജില്ലയിൽ ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കൽ പട്ടണത്തിനടുത്തുള്ള ഹുസ്കൂർ തടാകത്തിൽനിന്നാണ് സഹാനയുടെ (26) മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പിതാവ് രാമമൂർത്തിക്കൊപ്പം സ്കൂട്ടറിൽ പിൻസീറ്റിൽ സഞ്ചരിക്കുമ്പോൾ വാഹനം തടാകത്തിലേക്ക് മറിഞ്ഞു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, മകളെ രക്ഷിക്കാൻ മിനക്കെടാതെ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് സഹാനയുടെ കാമുകൻ നിതിൻ ആരോപിച്ചു.
സഹാന ദുരഭിമാനക്കൊലക്ക് ഇരയായി എന്ന് നിതിൻ നൽകിയ പരാതിയിൽ പറഞ്ഞു.നിതിനും സഹാനയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് സഹാനയുടെ മാതാപിതാക്കൾ പ്രണയത്തെക്കുറിച്ച് അറിഞ്ഞത്. സഹാനയുടെ പിതാവ് നിതിനെ സുഹൃത്തിന്റെ വീട്ടിൽ ചർച്ചക്കായി വിളിച്ചിരുന്നു.
ചർച്ചക്കിടെ രാമമൂർത്തി തന്റെ മകളെ ആക്രമിച്ചതായും മകളുടെ ബന്ധം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.പ്രണയ വിവാഹത്തിന് സമ്മതം മൂളണമെന്ന് നിതിന്റെ മാതാവ് അപേക്ഷിച്ചിട്ടും രാമമൂർത്തി സമ്മതിച്ചില്ല. അവരോടൊപ്പം രണ്ട് ദിവസത്തെ സമയം അദ്ദേഹം തേടി. സാഹിനയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഇരയുടെ പിതാവാണെന്നാണ് ആരോപണം.
നിതിനെ വിവാഹം കഴിക്കണമെന്ന് സഹാന ഉറച്ചുനിന്നിരുന്നുവെന്നും എന്നാൽ, ബന്ധുക്കളിൽ ഒരാൾക്ക് അവളെ വിവാഹം കഴിപ്പിക്കാൻ കുടുംബം പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഹാന ഇതിനെ ശക്തമായി എതിർക്കുകയും പിതാവുമായി വഴക്കിടുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.