31 പേരുടെ പട്ടിക AICC അംഗീകരിച്ചു; ആദ്യഘട്ട പട്ടികയിൽ എംപിമാരില്ല

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി.

സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത്‌ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.ബാബുവിനെയും(തൃപ്പൂണിത്തുറ) ഒഴിവാക്കി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ  തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്‌.