ഇന്ത്യയും അമേരിക്കയും തമ്മിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യപാരപാതക്ക് തുടക്കം കുറിക്കും; മോദി ട്രംപ് കൂടിക്കാഴ്ച

0
503

വാഷിങ്ടൺ: വ്യാപാരത്തിലുള്ള അസമത്വങ്ങൾ ഒഴിവാക്കാൻ ഇന്ത്യയും യു.എസും ചർച്ച തുടങ്ങുമെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകളുണ്ടാവുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യപാരപാതക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചുവെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയിൽ നിന്നും തുടങ്ങി ഇസ്രായേലിലൂടെ അത് യു.എസിലേക്ക് എത്തും. റോഡ്, റെയിൽവേ, കേബിളുകൾ എന്നിവയിലൂടെ​യെല്ലാം ഞങ്ങളുടെ പങ്കാളികളെ ബന്ധിപ്പിക്കും. ഇത് വൻ വികസനത്തിനാണ് തുടക്കം കുറിക്കുകയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

ഊർജവിതരണത്തിനായി ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സാ​​ങ്കേതികവിദ്യക്ക് കൂടി കടന്ന് വരാൻ കഴിയുന്ന രീതിയിൽ ഇന്ത്യ ആണവനിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും എണ്ണയും പ്രകൃതിവാതകവും ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

എപ്പോഴും ദേശീയതാൽപര്യത്തിന് മുൻഗണന നൽകുന്ന നേതാവാണ് ട്രംപെന്ന് മോദി പറഞ്ഞു. അദ്ദേഹത്തെ പോലെ ഇന്ത്യയുടെ ദേശീയതാൽപര്യത്തിന് താൻ പ്രാധാന്യം നൽകുമെന്ന് ചർച്ചകളിൽ മോദി അറിയിച്ചുവെന്നാണ് വിവരം. ഡോണൾഡ് ട്രംപുമായുള്ള ചർച്ചക്കിടെ യുക്രെയ്ൻ വിഷയത്തിലടക്കം ഇന്ത്യ നിലപാട് അറിയിക്കുകയും ചെയ്തു.