റിയാദ്: ഒട്ടകമൂത്രത്തിലെ ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു മരുന്നിന് ക്യാൻസർ ചികിത്സയ്ക്കായി അംഗീകാരം ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ‘ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ്’ (General Authority for Food and Drug) വ്യക്തമാക്കി. ക്യാൻസർ രോഗം ഗുരുതരമായ ഘട്ടത്തിലുള്ളവരിൽ ഈ ഉൽപ്പന്നം ഫലപ്രദമാണെന്ന പ്രചാരണത്തിലും യാതൊരു സത്യവുമില്ലെന്ന് അധികൃതർ അറിയിച്ചു.
‘റൂമർ ആൻഡ് ഫാക്റ്റ്’ (Rumor and Fact – പ്രചാരണങ്ങളും വസ്തുതകളും) എന്ന വിഭാഗത്തിൽ നൽകിയ വിശദീകരണത്തിൽ, ഈ ഉൽപ്പന്നം ‘ഫുഡ് സപ്ലിമെന്റ്’ (food supplement) വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അതോറിറ്റി വ്യക്തമാക്കി. ശരീരത്തിന് ദിവസവും ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു മിശ്രിതമാണിത്.
ഈ ഉൽപ്പന്നം പോഷകങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തിനായി മാത്രമുള്ളതാണെന്നും, ക്യാൻസർ ചികിത്സയിൽ ഇത് ഫലപ്രദമാണെന്നോ രോഗം ഭേദമാക്കുമെന്നോ ഉള്ള അവകാശവാദങ്ങളൊന്നും ഇതിനില്ലെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം മനസ്സിലാക്കാൻ ശ്രദ്ധിക്കണമെന്നും അവർ നിർദ്ദേശിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
