വാഷിങ്ടൻ: 27ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നെതന്യാഹു കരുത്തനായ യുഎസ് പങ്കാളിയാണെന്നും അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടണമെന്നുമാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. നെതന്യാഹുവിനെ ‘മഹാനായ പോരാളിയായ പ്രധാനമന്ത്രി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് ‘ബിബി’ നെതന്യാഹുവിനുള്ള തന്റെ സമ്പൂർണ പിന്തുണയാണെന്ന് ട്രംപ് വ്യക്തമാക്കി.
‘ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. നെതന്യാഹു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഒരുമിച്ച് മികച്ച രീതിയിൽ മുന്നോട്ടുപോകാൻ സാധിക്കും. ഏത് കാര്യത്തിനും വിശ്വസിച്ചാശ്രയിക്കാൻ കഴിയുന്ന ഒരാൾ ഇസ്രയേലിന്റെ അമരത്തുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. നെതന്യാഹുവിനെ പിന്തുണയ്ക്കാൻ താൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ അധികം നേരത്തെയാകേണ്ടെന്ന് കരുതി മാത്രമാണ് കാത്തിരുന്നത്.’ – ട്രംപ് പറഞ്ഞു.
എട്ടു മാസം മുമ്പ് ഇസ്രയേലുമായി ചേർന്ന് അമേരിക്ക തുടക്കം കുറിച്ച ഇറാൻ യുദ്ധത്തിൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കുമെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ തങ്ങളുടെ ‘രീതികളിൽ ഉടനടി മാറ്റം വരുത്തിയില്ലെങ്കിൽ, തുടങ്ങിയ ആ ദൗത്യം ഞങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ പ്രഖ്യാപനത്തോട് അതിവേഗം പ്രതികരിച്ച നെതന്യാഹു, ട്രംപിന്റെ വലിയ പിന്തുണയ്‌ക്കും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾക്കും നന്ദി രേഖപ്പെടുത്തി. ഗാസ യുദ്ധത്തിനുശേഷമുള്ള ഇസ്രയേലിലെ ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
