മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു; വിദേശത്ത് എത്തിയത് കഴിഞ്ഞ മാസം

malayalampress
1 Min Read

ലണ്ടൻ/കൊല്ലം: യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ കൊല്ലം റൂറൽ എസ്പി ഓഫിസ് എസ്‌ഐ ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകൾ നന്ദന ജിനു (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപത്തായിരുന്നു താമസം.

എറണാകുളത്തെ സ്വകാര്യ ഏജൻസി മുഖേനയാണ് നന്ദന പഠനത്തിനായി യുകെയിലെത്തിയത്. കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്ലസ് ടു പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷമായിരുന്നു യുകെയിലേക്കുള്ള യാത്ര. വലിയ പ്രതീക്ഷകളോടെ പഠനത്തിനായി യുകെയിലെത്തി ദിവസങ്ങൾ പിന്നിടും മുൻപുണ്ടായ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ ഞെട്ടലായി.

നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യൂണിവേഴ്സിറ്റി അധികൃതരുടെയും യുക്മയടക്കമുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടന്നുവരികയാണ്. ഗോപികയാണ് ഏക സഹോദരി. അരുൺ സഹോദരീ ഭർത്താവാണ്. നന്ദനയുടെ പിതൃസഹോദര പുത്രിയും കുടുംബവും യുകെയിലുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!