‘അമിത വേഗത്തിലുള്ള ഡ്രൈവിങ് സുഹൈലിന് ഹരം’; മിനി കൂപ്പർ മതിലിൽ ഇടിച്ച് മുൻപും അപകടമുണ്ടാക്കി

News Desk
1 Min Read

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുൻപും മിനി കൂപ്പർ കാർ മതിലിൽ ഇടിച്ച് കയറ്റി അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ സമയത്തും സുഹൈലിനൊപ്പം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ശേഷം മിനി കൂപ്പർ കാറിൻ്റെ ചിത്രം സുഹൈൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

അന്ന് കേസ് ഒത്തുതീർപ്പാക്കിയത് ആലപ്പുഴയിലെ രാഷ്ട്രീയ നേതൃത്വം ഇടപ്പെട്ടാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കേസ് എടുത്തില്ല. സുഹൈൽ മുൻപും അപകടങ്ങളിൽ ഉൾപ്പെട്ടിരുന്നോയെന്ന അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്.

നെടുമ്പാശേരി-അത്താണി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ അമിതവേഗത്തിൽ ഇടിച്ചുകയറ്റിയാണ് അപകടം ഉണ്ടാക്കിയത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്.

കൊച്ചിയിലെ ആൻ്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാരസ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!