ദർഭംഗ: സമ്പൂർണ മദ്യനിരോധനമുള്ള ബിഹാറിൽ സ്ത്രീകളുടെ പരസ്യ മദ്യപാന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അടിയന്തര ചികിത്സാ വിഭാഗത്തിന് മുന്നിൽ വെച്ച് ജീവനക്കാരെന്ന് സംശയിക്കുന്നവർ മൂന്ന് സ്ത്രീകൾ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ആശുപത്രി കെട്ടിടത്തിലെ പുതിയ എമർജൻസി വാർഡിനോട് ചേർന്നുള്ള വരാന്തയ്ക്ക് ഇടയിലായിരുന്നു ഈ സംഭവങ്ങൾ അരങ്ങേറിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് വീഡിയോയിലുള്ളത്. ലഘുഭക്ഷണങ്ങൾ നിരത്തിവെച്ച് പരസ്യമായി മദ്യം വിളമ്പി കുടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. രോഗികളും ബന്ധുക്കളും നിരന്തരം വന്നുപോകുന്ന ഒരു സർക്കാർ ആശുപത്രിയുടെ എമർജൻസി വാർഡിന് മുന്നിൽ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നത് ആരോഗ്യമേഖലയ്ക്ക് തന്നെ വലിയ അപമാനമാണെന്നാണ് ആക്ഷേപം. മദ്യലഹരിയിലുള്ള ജീവനക്കാർക്ക് എങ്ങനെ രോഗികളുടെ ജീവൻ രക്ഷിക്കാനാവുമെന്ന ആരോപണമാണ് ഉയരുന്നത്.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ജഗദീഷ് ചന്ദ്ര അടിയന്തര അന്വേഷണത്തിന് ഉത്തരവിച്ചിട്ടുണ്ട്. ബെന്താ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളിൽ ഉള്ളവർ ആശുപത്രി ജീവനക്കാർ തന്നെയാണോ എന്നും, മദ്യം എവിടെനിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
