ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമായ മെറ്റ വ്യാപകമായി നീക്കം ചെയ്യുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് പ്രതിഷേധ വിവരങ്ങളും തത്സമയ റിപ്പോർട്ടിങ്ങുകളും നീക്കം ചെയ്യുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും റിപ്പോർട്ടുകൾക്ക് നേരെയാണ് പ്രധാനമായും നടപടിയുണ്ടായിരിക്കുന്നത്.
മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
ഡൽഹിയിലെ ജന്തർ മന്തറിലും കൊണാട്ട് പ്ലേസിലുമടക്കം നടക്കുന്ന പ്രതിഷേധങ്ങളിൽ വൻതോതിലുള്ള യുവജന പങ്കാളിത്തമാണുള്ളത്. യുവജനങ്ങൾ വിവരങ്ങൾ അറിയാൻ കൂടുതൽ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമായതിനാൽ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കും വീഡിയോകൾക്കുമാണ് മെറ്റ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സമരം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാനും വിവരങ്ങൾ പൊതുസമൂഹത്തിൽ നിന്ന് മറച്ചുവെക്കാനും ഭരണകൂടത്തെ സഹായിക്കുന്ന നിലപാടാണ് മെറ്റ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ഗ്രൗണ്ട് റിപ്പോർട്ടുകൾ വ്യാപകമായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളും അത് ചിത്രീകരിക്കാൻ ശ്രമിച്ച വീഡിയോ ജേണലിസ്റ്റിനെ പോലീസ് തടയുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ‘ഒബ്സർവർ പോസ്റ്റ് ഹിന്ദി’യുടെ പോസ്റ്റ് മെറ്റ നീക്കം ചെയ്തു.
സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നത് നേരിട്ട് റിപ്പോർട്ട് ചെയ്ത മാതൃഭൂമി ഇംഗ്ലീഷിന്റെ ഇൻസ്റ്റഗ്രാം ലൈവ് പോസ്റ്റും ഒഴിവാക്കി. കൊണാട്ട് പ്ലേസിൽ നിന്ന് പ്രതിഷേധക്കാരെ നീക്കുന്നതിന്റെ ഗ്രൗണ്ട് റിപ്പോർട്ടുകൾ നൽകിയ ‘മസ്കാൻ ഇൻഫോംസ്’, ‘ജേർണോ മിറർ’ തുടങ്ങിയ സ്വതന്ത്ര മാധ്യമ അക്കൗണ്ടുകളുടെ പോസ്റ്റുകൾക്കെതിരെയും നടപടിയുണ്ടായി.
ലംഘിക്കുന്ന അക്രമദൃശ്യങ്ങൾ ഒഴിവാക്കാനും, ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കാനുമാണ് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതെന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, അക്രമദൃശ്യങ്ങൾ ഇല്ലാത്തതും സമരക്കാരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതുമായ സമാധാനപരമായ റിപ്പോർട്ടുകൾ പോലും നീക്കം ചെയ്യുന്നത് ഭരണകൂടത്തിന്റെ സമ്മർദം മൂലമാണെന്ന വിമർശനമാണ് ഉയരുന്നത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
