‘സഊദി അറേബ്യക്കൊപ്പം’: ഹൂതി ആക്രമണത്തെ അതിശക്തമായി ഇന്ത്യ അപലപിച്ചു

malayalampress
1 Min Read

ന്യൂഡൽഹി: സഊദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ യെമനിലെ ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ ഇന്ത്യ അതിശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധമായി വ്യാഴാഴ്ച അപലപന കുറിപ്പ് പുറത്തിറക്കി. സാധാരണക്കാരുടെ ഉപയോഗത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ “തികച്ചും അസ്വീകാര്യമാണെന്ന്” ഇന്ത്യ വ്യക്തമാക്കി.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളിൽ സാധാരണക്കാർക്ക് ജീവഹാനിയും പരിക്കുകളും സംഭവിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. “കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിയാദിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു; ഈ ആക്രമണങ്ങൾ സാധാരണക്കാരുടെ മരണത്തിനും പരിക്കിനും കാരണമായിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സാധാരണക്കാരുടെ ഉപയോഗത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സഊദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,” മന്ത്രാലയം കൂട്ടിച്ചേർത്തു.

ബിബിസി റിപ്പോർട്ട് ചെയ്ത സഊദി അധികൃതരുടെ കണക്കനുസരിച്ച്, രണ്ട് ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ബുധനാഴ്ച അറിയിച്ചു.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!