ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മൂന്നാം ദിവസവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ.
പടുകൂറ്റന്‍ മാര്‍ച്ചുമായാണ് എംപിമാരും പ്രവർത്തകരും അടങ്ങളുന്ന സംഘം രാജ്ഘട്ടിൽ എത്തിയത്. മൂന്ന് ബസുകളിലായായിരുന്നു എംപിമാരുടെ യാത്ര. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ ആദ്യ ബസില്‍ മുന്നോട്ട് നീങ്ങി. പ്രവർത്തകരുടെ വൻസംഘം ബസുകളെ അനുഗമിച്ചു.
ഹിമാചല്‍ മുഖ്യമന്ത്രി സുക്വിന്ദര്‍ സിംഗ് സുഘുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ന് പ്രതിഷേധത്തിന് ഒപ്പം ചേര്‍ന്നിട്ടുണ്ട്. വോട്ട് കൊള്ളയ്ക്കായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ മോദിയെയും അമിത് ഷായെയും വെറുതെ വിടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വലിയ സേനാ വിന്യാസവുമായി ഡല്‍ഹി പൊലീസും രംഗത്തെത്തി. കേന്ദ്രസേനയെയും സര്‍ക്കാര്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. എത്ര ബഹളം വെച്ചാലും താന്‍ പ്രവര്‍ത്തനം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
പ്രവര്‍ത്തകരെല്ലാം മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി രഘുപതി ഗാനം ആലപിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയാണ്. വോട്ട് ചോര്‍ ഗദ്ദി ഛോഡ് മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. ഇന്നലെ നടന്ന ജന്തര്‍ മന്തര്‍ സമരത്തെ തടഞ്ഞ പൊലീസിന് ഇന്ന് രാജ്ഘട്ടിലേക്ക് നടക്കുന്ന സമരത്തെ ഇതുവരെയും തടയാനായിട്ടില്ല. പൊലീസിനെ അടുപ്പിക്കാതെ പ്രവര്‍ത്തകര്‍ രാഹുലും പ്രിയങ്കയും സഞ്ചരിക്കുന്ന ബസിന് ചുറ്റുമുണ്ടായിരുന്നു. ഭരണഘടന കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്.
അണിയറയില്‍ ഒരുങ്ങുന്ന സിജെപി സമരം ഏത് തരത്തില്‍ മുന്നോട്ട് പോവുമെന്നതും ഉറ്റുനോക്കുകയാണ് രാജ്യം. ഇന്നലെ മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തിയിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
